ബീഫ് മന്തി

0 Shares

ചേരുവകൾ

  • ബീഫ് – അര കിലോ
  • സവാള – രണ്ടു വലുത്
  • വെളിച്ചെണ്ണ – 4 ടേബിള്‍ സ്പൂണ്‍
  • തേങ്ങാക്കൊത്ത്

തയാറാക്കുന്ന വിധം

ചെറിയ കഷ്ണങ്ങളാക്കിയ ബീഫ് ഒരു പാത്രത്തില്‍ എടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി അരച്ചത്, അര ടീസ്പൂണ്‍ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി പുരട്ടി അരമണിക്കൂര്‍ വയ്ക്കുക. അരമണിക്കൂറിനു ശേഷം ഒരു കുക്കറില്‍ ആറു വിസില്‍ വരുന്നതു വരെ ബീഫ് വേവിക്കുക.

ഒരു പാനില്‍ 3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് രണ്ടു വലിയ സവാള അരിഞ്ഞത് ഉപ്പും ചേര്‍ത്തു വഴറ്റുക. കുറച്ചു വഴന്നു കഴിയുമ്പോള്‍ അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, 3 പച്ചമുളക് അരിഞ്ഞത്, തേങ്ങാക്കൊത്ത് എന്നിവ ചേര്‍ത്തു ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതില്‍ ഒരു സ്പൂണ്‍ മുളകു പൊടി, അര സ്പൂണ്‍ മല്ലിപ്പൊടി, അര സ്പൂണ്‍ കുരുമുളക് പൊടി, ഒന്നര സ്പൂണ്‍ മീറ്റ് മസാല എന്നിവ ചേര്‍ത്ത് ഇളംതീയില്‍ പൊടികളുടെ പച്ചമണം മാറുന്നതു വരെ വരട്ടുക. ഇതിലേക്ക് ബീഫ് വേവിക്കുമ്പോള്‍ കിട്ടുന്ന വെള്ളം ചേര്‍ക്കുക. നന്നായി തിളയ്ക്കുമ്പോള്‍ രണ്ടു തക്കാളി അരിഞ്ഞതു ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കണം. വെള്ളം മുക്കാല്‍ ഭാഗം വറ്റുമ്പോള്‍ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേര്‍ക്കുക. കുറച്ച് കറിവേപ്പില കൂടി ചേര്‍ത്ത് നന്നായി വറ്റിച്ചെടുക്കണം.

രണ്ടു വലിയ വാഴയില വാട്ടിയെടുത്ത് കുറുകെ ഇട്ട് അതിനു നടുക്ക് വറ്റിച്ചെടുത്ത ബീഫ് വയ്ക്കണം. നന്നായി പൊതിഞ്ഞുകെട്ടിയ ശേഷം മണ്ണു കയറാതിരിക്കാന്‍ ഫോയില്‍ പേപ്പര്‍ കൊണ്ടു പൊതിഞ്ഞെടുക്കണം. ഇതു വാഴ നാരു കൊണ്ടു നന്നായി കെട്ടുക. തുടര്‍ന്ന് മണ്ണില്‍ കുഴിയെടുത്ത് അതില്‍ വിറകിട്ട് കത്തിച്ചു കനല്‍ ഉണ്ടാക്കുക. നന്നായി കനല്‍ ആയി കഴിഞ്ഞ് അതിനു മുകളില്‍ ചെറുതായി മണ്ണിട്ടു കൊടുക്കണം. അതിനു മുകളില്‍ വേണം പൊതിഞ്ഞുവച്ചിരിക്കുന്ന ബീഫ് വയ്ക്കാന്‍. വീണ്ടും മണ്ണിട്ടു മൂടി ഒന്നര മണിക്കൂര്‍ വേവാന്‍ അനുവദിക്കണം. ഒന്നര മണിക്കൂറിനു ശേഷം മണ്ണ് ചെറുതായി ചൂട് കുറഞ്ഞ ശേഷം കുഴിയില്‍നിന്ന് ബീഫ് പുറത്തെടുക്കുക. ഇല മാറ്റുമ്പോള്‍ നല്ല സ്വാദിഷ്ടമായ ബീഫ് മന്തി തയാര്‍.

0 Shares

You may also like...