പരിപ്പുവട
ചേരുവകൾ
തുവരപ്പരിപ്പ് – ഒരു കപ്പ്
ചെറിയ ഉള്ളി – 4 എണ്ണം
വറ്റൽ മുളക് – ഒന്ന്
ഇഞ്ചി – ചെറിയ ഒരു കഷണം
കറിവേപ്പില – ഒരു തണ്ട്
കായം – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിനു്
തയ്യാറാക്കുന്ന വിധം
തുവരപ്പരിപ്പ് വെള്ളത്തിലിട്ട് മൂന്നു നാലു മണിക്കൂർ കുതിർക്കുക. അതിനെ ചെറുതായി അരയ്ക്കുക. (അരപ്പിൽ ഇടയ്ക്കിടയ്ക്ക് പരിപ്പ് കഷണങ്ങൾ ഉള്ളതാണു് കൃത്യമായ പരുവം). അതിലേയ്ക്ക് ചെറിയ ഉള്ളിയും ഇഞ്ചിയും അരിഞ്ഞതും വറ്റൽമുളകു പൊട്ടിച്ചതും കറിവേപ്പിലയും ചേർത്ത് കുഴയ്ക്കുക. ആവശ്യത്തിനു ഉപ്പ് ചേർത്ത ശേഷം ഈ മിശ്രിതത്തിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കുക. ഉരുളകളെ കയ്യിൽ വച്ച് അമർത്തി പരന്ന രൂപത്തിലാക്കി എണ്ണയിൽ വറുത്തുകോരുക.