ഞണ്ട് റോസ്റ്റ്
ഇന്നൊരു ഞണ്ട് റോസ്റ്റ് ആകാം ല്ലേ…
നാട്ടിലെല്ലാം ഞണ്ടിന്റെ സീസൺ ആണ്.. നന്നായി ഉണ്ടാക്കിയാൽ നല്ല രുചിയുള്ള സാധനം.. ചോറ് ,ചപ്പാത്തി,പത്തിരി,പുട്ട് എന്തിന്റെ കൂടെ വേണേലും കഴിക്കാം..
എല്ലാത്തവണയും ഞണ്ട് വാങ്ങുമ്പോ ഇത്തവണ പുതിയ റെസിപ്പി പരീക്ഷിക്കും എന്ന തീരുമാനമെടുത്ത് അവസാനം ഞണ്ട് വറുത്തരച്ച കറിയിലും ഞണ്ട് റോസ്റ്റിലും തന്നെ എത്തിച്ചേരും..ഇത്തവണയും കഥയ്ക്ക് മാറ്റമില്ല.
രാവിലെ തന്നെ അരകിലോ ഞണ്ട് വാങ്ങി(കേട്ടാൽ ഞെട്ടുന്ന വെറും 3 ഞണ്ട് ? ). നാട്ടിലാണേൽ വൃത്തിയാക്കി തരൂല്ല.പണ്ട് മുംബൈയിലാകുമ്പോ (എന്ത് പറഞ്ഞാലും when i was in Mumbai പറയുന്നത് ശീലായിപ്പോയി, because i love Mumbai) മറാത്തി സ്ത്രീകൾ മാർക്കറ്റിലിരുന്ന് ഞണ്ട് വൃത്തിയാക്കി തരുവാരുന്ന്. നിറയെ കിട്ടുവോം ചെയ്യുവാരുന്ന്.
അപ്പോ നമ്മുടെ ഞണ്ടിനെ വേഗം തന്നെ മഞ്ഞൾപ്പൊടിയിട്ട് പതഞ്ഞുപൊങ്ങുന്നതു വരെ തിളപ്പിച്ച് അൽപ്പം തണുത്ത വെള്ളം ഒഴിച്ച് തണുപ്പിക്കാൻ മാറ്റിവച്ചേക്കണം. പിന്നെ മൂന്ന് സവാള,ചെറിയ കഷ്ണം ഇഞ്ചി,ഒരു കുടം വെള്ളുള്ളി ,രണ്ട് പച്ചമുളക് ,ഒരു തക്കാളി എന്നിവ അരിഞ്ഞ് വയ്ക്കുക.
മാറ്റിവച്ച ഞണ്ടിനെ വൃത്തിയാക്കിയെടുക്കുകയാണ് അടുത്തത്.കാലും കൈയ്യും എല്ലാം ആദ്യം വേർപെടുത്തുക. ഒന്നു വലിച്ചാൽ തന്നെ അതങ്ങ് പോരും. പിന്നെ പുറം തോട് പതിയെ അടർത്തി ഉള്ളിലുള്ള അഴുക്കുകൾ വെള്ളം ഒഴിച്ച് കഴുകി കളയുക. അകത്തുള്ള ചെറിയ രോമങ്ങൾ പോലെയുള്ളവ കൈകൊണ്ട് നുള്ളിക്കളഞ്ഞാൽ ഞണ്ട് ക്ളീൻ ആയി. നീളമുള്ള കാലുകൾ വേണേൽ ഒടിച്ചിടാം..
ഒരു ചീനച്ചട്ടി അടുപ്പേൽ വച്ച് കുറച്ച് എണ്ണയൊഴിച്ച് സവാളേം ഇഞ്ചീം വെള്ളുള്ളീം പച്ചമുളകും വേപ്പിലയും ഉപ്പുമിട്ട് നന്നായി വഴറ്റുക. വഴന്നു വരുമ്പോ തക്കാളിയും കൂടിയിട്ട് അലിയുന്നതു വരെ വഴറ്റുക.അതിലേക്ക് മഞ്ഞൾപ്പൊടി,മുളകുപൊടി,മല്ലിപ്പൊടി,വീട്ടുമസാലപ്പൊടി,കുറച്ച്പെരുംജീരകപ്പൊടി,കുരുമുളകുപൊടി ഇതെല്ലാം ചേർത്ത് യോജിപ്പിച്ച് നികക്കെ വെള്ളം ഒഴിച്ച് ഞണ്ടും അതിലേക്കിട്ട് ഉപ്പുനോക്കി വറ്റിച്ചെടുക്കുക. വറ്റിവരുമ്പോൾ കുറച്ച് തേങ്ങാപ്പാലൂടെ ചേർത്ത് ഒന്നൂടെ വറ്റിച്ചെടുക്കുക.
(എല്ലാർക്കും അറിയാമായിരിക്കും. എങ്കിലും പണ്ടത്തെ എന്നെപ്പോലുള്ള കുറേയാളുകളും കാണും)
Posted By: ആരതി അരുണം