സ്പെഷ്യൽ ചിക്കൻ റോസ്റ്റ്
ചേരുവകൾ
ചിക്കൻ – 1 കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 േടബിൾ സ്പൂൺ
പച്ചമുളക് – 2 എണ്ണം
സവാള – 2 എണ്ണം
ചുവന്നുള്ളി – 10 എണ്ണം
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – അര ടേബിൾ സ്പൂൺ + അര ടീസ്പൂൺ
തേങ്ങാ കൊത്ത് – അര കൈപിടി
വിനാഗിരി – 1 ടീസ്പൂൺ
മല്ലിപൊടി – 1 േടബിൾ സ്പൂൺ
കശ്മീരി മുളകു പൊടി – 3 ടേബിൾ സ്പൂൺ
തക്കാളി – 1 എണ്ണം
ഗരം മസാല – 1 ടീസ്പൂൺ
നാരങ്ങ നീര് – 1 ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
മല്ലിയില – 2 തണ്ട്
ചതച്ച കുരുമുളക് – 1 ടീസ്പൂൺ
മുട്ട – 1 എണ്ണം
തയാറാക്കുന്ന വിധം
ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി, ഒന്നര ടേബിൾ സ്പൂൺ കശ്മീരി മുളകുപൊടിയും അര സ്പൂൺ മഞ്ഞൾ പൊടിയും വിനാഗിരിയും ഉപ്പും ഒരു മുട്ടയും ചേർത്ത് തിരുമ്മി അര മണിക്കൂർ മാറ്റിവയ്ക്കണം. പിന്നീട് കോഴി കഷ്ണങ്ങൾ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കണം. കോഴി പൊരിച്ച അതേ പാനിൽ ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് ചേർത്ത് അതിലേക്ക് സവാളയും ചുവന്നുള്ളിയും തേങ്ങാക്കൊത്തും പച്ചമുളകും കറിവേപ്പിലയും ചേർത്ത് സ്വർണനിറമാകുന്നതു വരെ വഴറ്റണം. ബാക്കിയുള്ള മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾ പൊടിയും ചേർക്കുക. മസാല ചെറിയ ചൂടിൽ മൂത്തു വരുമ്പോൾ അരിഞ്ഞുവച്ച തക്കാളിയിട്ടു വഴറ്റി പൊരിച്ചു വച്ച കോഴിക്കഷ്ണങ്ങളും ചേർത്ത് കുറച്ച് ചൂടുവെള്ളം ഒഴിച്ച് മൂടിവച്ച് വേവിക്കണം. തുടരെ തുടരെ ചെറിയ ചൂടിൽ ഇളക്കി, എണ്ണ തെളിയുന്ന സമയത്ത് ആവശ്യത്തിന് കുരുമുളകു പൊടിയും കുറച്ച് ഗരം മസാലയും അരിഞ്ഞു വച്ച മല്ലിയിലയുമിട്ട് ചിക്കൻ റോസ്റ്റ് തയാറാക്കാം.