വറുത്തരച്ച കോഴിക്കറി
ചേരുവകൾ
- കോഴിയിറച്ചി – 2 കിലോഗ്രാം
- മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
- മുളകുപൊടി – 3 ടീസ്പൂൺ
- മല്ലിപ്പൊടി – 2 ടീസ്പൂൺ
- ഇറച്ചിമസാല – 1 ടീസ്പൂൺ
- ഉപ്പ് – 2 ടീസ്പൂൺ
- തേങ്ങാ ചിരകിയത് – 2 കപ്പ്
- മല്ലി – 2 ടീസ്പൂൺ
- ചുവന്നമുളക് – 2
- വെളുത്തുള്ളി- 15 അല്ലി
- ചുവന്നുള്ളി -15 എണ്ണം
- ഇഞ്ചി -ഒരു കഷണം
- കറിവേപ്പില -ആവശ്യത്തിന്
- സവാള – 2
- പച്ചമുളക് – 4
- തക്കാളി – 1
- വെള്ളം – 3/4 കപ്പ്
- കുരുമുളകുപൊടി-1 ടീസ്പൂൺ
- വെളിച്ചെണ്ണ – ആവശ്യത്തിന്
താളിക്കാൻ
- ചുവന്നുള്ളി – 4 എണ്ണം
- തേങ്ങാക്കൊത്ത് – 3 ടേബിൾസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കോഴിയിറച്ചി, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഇറച്ചിമസാല, ഉപ്പ് എല്ലാം ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ഇത് അര മണിക്കൂർ മാറ്റി വയ്ക്കുക.
അടി കട്ടിയുള്ള ഒരു പാത്രത്തിൽ തേങ്ങ, മല്ലി, മുളക് ,വെളുത്തുള്ളി, ചുവന്നുള്ളി, കരിവേപ്പില, കുരുമുളക് ഇതെല്ലാം ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറക്കുക. ഇടയ്ക്ക് അല്പം വെളിച്ചെണ്ണ ചേർക്കാവുന്നതാണ്. ചൂടാറിയതിനു ശേഷം ഇത് നന്നായി കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക.
ഒരു മൺചട്ടിയിൽ അല്പം വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് പട്ട, വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് 2 മിനിറ്റ് വഴറ്റുക. ഇതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റുക. സവാള പെട്ടെന്ന് സോഫ്റ്റ് ആകാൻ വേണ്ടി ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക. ഇതിലേക്ക് നേരത്തെ മാറ്റിവച്ചിരുന്ന ചിക്കൻ ചേർക്കുക. മൂടി വെച്ച് 5 മിനിറ്റ് വേവിക്കുക. ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന തേങ്ങ, കുറച്ച് വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം 10 -15 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. പിന്നീട് അൽപം കുരുമുളകുപൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അടി കട്ടിയുള്ള ഒരു പാത്രത്തിൽ അൽപം വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചുവന്നുള്ളി, തേങ്ങാക്കൊത്ത് എന്നിവ നന്നായി മൂപ്പിച്ച് കറിവേപ്പിലയും ചേർത്ത് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന കറിയിലേക്ക് ചേർക്കാവുന്നതാണ്. രുചികരമായ നമ്മുടെ വറുത്തരച്ച ചിക്കൻകറി തയാർ.