താറാവ് റോസ്റ്റ്

6 Shares

താറാവ് റോസ്റ്റ് ഉണ്ടാക്കുന്നത്‌:
1. ഒരു കിലോ താറാവ് വൃത്തിയാക്കി കഷ്ണങ്ങൾ ( വൃത്തിയാക്കുമ്പോൾ മിണ്ടാൻ പാടില്ലെന്ന് ഇന്നലെ പറഞ്ഞത് ഓർമ ഉണ്ടല്ലോ അല്ലേ?) – ഇത് ഉപ്പും മഞ്ഞളും കുരുമുളകുപൊടിയും ഒരു നുള്ള് മുളക് പൊടിയും തേച്ചു അര മുക്കാൽ മണിക്കൂറോളം വെയ്ക്കുക.
2. ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്- ഇവ ചതച്ചെടുക്കുക
3. മസാലകൂട്ടു – മല്ലിപ്പൊടി 2-3 tbsp, മുളക് പൊടി 11/2 tbsp, മഞ്ഞൾ പൊടി 1 tsp, കുരുമുളക് പൊടി – 1 tbsp, ഗരം മസാല – 11/2 tsp ഇവ കുറച്ചു വെള്ളത്തിൽ കുറുകെ കലക്കി വെയ്ക്കുക.
(ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഉപ്പും മഞ്ഞളും തേച്ചു വറുത്തത് , സവാള വഴറ്റിയത്)
വറുക്കുന്തോറും തീരുകയും തീരുന്തോറും വറുക്കുകയും ചെയ്യുന്ന ഒരു സംഭവമാണ് ഉരുളക്കിഴങ്ങ് അരിഞ്ഞു ഉപ്പും മഞ്ഞളും ചേർത്ത് വറുക്കുന്നത്‌ – അത് കൊണ്ട് ഒരു കണക്കു വെയ്ക്കാതെ അരിഞ്ഞങ്ങു വെച്ചോ, കേട്ടാ

പാകം ചെയ്യണ്ട വിധം

ഉള്ളി മുതലായവ ചതച്ചത് വഴറ്റി മസാലകൂട്ടു ചേർത്ത് എണ്ണ തെളിയുന്നത് വരെ മൂപ്പിക്കുക.
ഇതിലേയ്ക്ക് താറാവ് കഷ്ണങ്ങൾ ചേർത്തിളക്കി നല്ല വണ്ണം മസാല തേച്ചു പിടിപ്പിക്കുക.
ഇത് ഒരു പ്രഷർ കൂക്കറിലേക്ക് മാറ്റി 2 tbsp വിനാഗിരിയും കുറച്ചു വെള്ളവും ചേർത്ത് വേവിക്കുക. ഞാൻ ഇതിലേക്ക് പൊടിക്കാതെ കുറച്ചു കുരുമുളകും, ഒരു കഷ്ണം പട്ടയും, തക്കോലവും 4-5 വറ്റൽ മുളകും ചേർത്തു. 2-3 വിസിൽ മതിയാകും ഇടത്തരം താറാവിന്. ചട്ടിയിൽ അടച്ചു വെച്ച് വേവിക്കുന്നെങ്കിൽ 35 – 40 മിനിട്ട് വേണ്ടി വന്നേക്കും.

ഇവ വെന്തു ചാറു അധികം ഇല്ലാതെ ഇരിക്കണം, ചാറു അധികം എങ്കിൽ വറ്റിച്ചു റോസ്റ്റ് ആക്കി എടുക്കുക. ഉപ്പു നോക്കി പാകം പോലെ ചേര്ക്കുക. (ഈ റോസ്റ്റിൽ കുരുമുളകിന്റെയും മസാലയുടെയും രുചിയാണ് മുന്നിട്ടു നിൽക്കുന്നത് , എരിവു ആവശ്യത്തിനു അനുസ്സരിച്ച് മാറ്റം വരുത്തുക).
ഉരുളക്കിഴങ്ങ് അരിഞ്ഞു വറുത്തതും സവാള വഴറ്റിയതും പച്ചമുളകും കറിവേപ്പിലയും വിളമ്പുമ്പോൾ ചേര്ക്കുക.
വെള്ളയപ്പത്തിന്റെ കൂടെ നല്ല കറി ആണ് – കുട്ടികൾ ഉള്ള വീടുകളിൽ ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ആദ്യം തീരും, അത് കുറച്ചധികം വറുത്തു വയ്ക്കാൻ മറക്കല്ലേ.

Posted By Mabel Vivera

6 Shares

You may also like...